മാറ്റം

മാറ്റം
സ്ത്രീ ശക്തയായിരുന്നോ? കേവലം നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു ചോദ്യമാണോ ഇത്?. അല്ല!വരുത്തനായ ഒരുത്തനെത്തുമ്പോൾ അടുക്കളപ്പടിയിൽ നിന്ന് ഒളിഞ്ഞുനോക്കുന്ന സ്ത്രീയിൽ നിന്ന് പെണ്ണ് കാണാൻ എത്തുന്ന മണവാളന്റെ പിതാവിനൊപ്പം ഒരു സെൽഫിയെടുത്ത് അയാളെ പറഞ്ഞയക്കുന്ന സ്ത്രീയിലേക്കുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു .അതിരുകവിഞ്ഞ ചിന്താശ്രേണികളിലേക്കും ദിശാബോധങ്ങളിലേക്കും സ്ത്രീയെ നയിച്ചത് ഈ സമൂഹം തന്നെയല്ലേ !ഈ കാലമത്രയും സ്ത്രീ മനസ്സ് മാറ്റത്തിന് വിധേയമായിട്ടുണ്ട് .അതിൽ സമൂഹം വഹിച്ച പങ്ക് വളരെ വലുതാണ് .ആ സ്വാധീനം ഈ ലോകത്തിൻറെ നല്ലതും ചീത്തയുമായ മാറ്റങ്ങളിലേക്ക് വഴിതെളിക്കും.
          തന്റേതായ അവകാശങ്ങൾ അനുഭവിക്കുന്നതിനേക്കാൾ അവൾക്ക് സമൂഹം നൽകിയ മുൻഗണന അത്തരം അവകാശങ്ങൾ നിഷേധിക്കുന്നതിലായിരുന്നു. ജന്മി വാഴിത്വത്തിൻ്റെ കാലത്ത് സ്വന്തം മാറുമറയ്ക്കാൻ നീതി നിഷേധിക്കപ്പെട്ടിരുന്ന ആ പെണ്ണ് തന്നെ തന്റെ മാറ് പ്രദർശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന കാര്യവും മറക്കരുത്.അടുക്കളമുറിയിലെ പുകച്ചുരുളിലും തെക്കേ തൊടിയിലെ മാവിൻ ചുവട്ടിലും അടുത്ത ചങ്ങായിയുടെ വീടിൻറെ വരാന്തകളിലും ഒരു പരിധിവിട്ടാൽ നാണുവാശാൻറെ ചവിട്ടു നാടകം കളിക്കുന്ന പള്ളിപ്പറമ്പുകളിലും മൈലാഞ്ചിമൊഞ്ച് മണക്കുന്ന ഓത്തു പള്ളിക്കുടങ്ങളിലും കരിവള കിലുങ്ങുന്ന ഉത്സവപ്പറമ്പുകളിലും മാത്രമായി ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീ ജീവിതത്തിന് എപ്പോഴാണ് മാറ്റം സംഭവിച്ചത് ?മാറ്റങ്ങൾ ചെന്നെത്തിയത് ഒരു രാഷ്ട്രത്തിൻറെ നെടുനായകത്വത്തിലും ബഹിരാകാശം കീഴടക്കുന്നതിലുമാണെന്ന കാര്യം വിസ്മരിക്കാവുന്നതല്ല.
         തൊടിയിലെ മൈലാഞ്ചി ഇലകളെ കൂട്ടുപിടിച്ച് കൈനഖം ചുവപ്പിച്ചും എല്ലാ കൊല്ലത്തിനും ഓണത്തിനെത്തുന്ന പുളിയിലക്കരസെറ്റും മുണ്ടിലും മാത്രമായി തൻ്റെ സൗന്ദര്യമോഹങ്ങളെ ഒതുക്കി വച്ചിരുന്ന പെണ്ണ് അന്നും അപ്പുറത്തെ വീട്ടിലെ സൽഗുണ സമ്പന്നരായ ചേട്ടൻ മാരുടെ മേനിതളക്കുന്ന നോട്ടത്തിനു മുൻപിൽ പതറി പോയിരിക്കാം. അന്നും അവൾ ആഗ്രഹിച്ചിരുന്നത് പൊന്നുതമ്പുരാനായ ഉണ്ണിയേശോ പിറന്ന ദിവസം തൻ്റെ അപ്പൻ്റെയും അച്ചായന്മാരുടെയും ഒപ്പമുള്ള ഒരു കപ്പ് അന്തിക്കള്ള് മാത്രമാണ്. അതിനപ്പുറമുള്ള ആഘോഷ സങ്കല്പങ്ങൾക്ക് സ്ത്രീ മനസ്സിൽ സ്ഥാനം ഉണ്ടായിരുന്നില്ല .പിന്നെ എപ്പോഴാണ് അപ്പൻ എന്നില്ല അച്ചായൻ എന്നില്ല അമ്മാവൻ എന്നില്ല അയൽപക്കകാരൻ എന്നില്ല എന്തിന് ആത്മസുഹൃത്തെന്നപോലുമില്ലാത്തവരുടെ കൂടെ കഞ്ചാവും കള്ളും കൂട്ടിയടിക്കുന്ന നൈറ്റ് പാർട്ടികളിലേക്ക് അവർ പറന്നെത്തിയത്. അപ്പോൾ ഒരു കാര്യം ഉറപ്പാണ് സ്ത്രീകൾക്ക് മാറ്റം സംഭവിച്ചിട്ടുണ്ട് .മാറ്റം രൂപാന്തരപ്പെട്ടത് അവളുടെ മനോനിലകളിലും മാനസിക സഞ്ചാരങ്ങളിലും ആണ്. സ്ത്രീകൾ എന്നും അന്യായത്തിനിരയായിട്ടുണ്ട് അതിൽ കാലത്തിനോ വസ്ത്രത്തിനോ പ്രായത്തിനോ ബന്ധത്തിനോ യാതൊരു സ്വാധീനവും ഇല്ലെന്നകാര്യം ഓർമിപ്പിക്കട്ടെ. പകരമായി ഇത്തരം അന്യായങ്ങളിൽ എല്ലാം ഒരൊറ്റ സ്വാധീന ഘടകം വ്യക്തമാണ് .അത് പുരുഷൻ്റെ മനോനിലയാണ് അഥവാ മാനസിക വൈകൃതങ്ങളാണ്.
       അപ്പോൾ ഈ ഗ്രഹിച്ചുകൊണ്ടിരിക്കുന്ന സോദരന്മാർ ഒന്നേ ചിന്തിക്കൂ. രാത്രിയിൽ യാത്ര ചെയ്യുന്നവളുമാർ കഞ്ചാവിനും കാമത്തിനും കാത്തിരിക്കുന്ന ചുവന്ന തെരുവിലെ സുന്ദരിമാർ മറക്കേണ്ടതും മറക്കാതെ നടന്നകലുന്ന പെൺകോമരങ്ങൾ ഇവർക്കൊന്നും ഈ അക്രമങ്ങളിൽ പങ്കില്ലേ ?ഉണ്ടാകും. ഉണ്ടല്ലോ.... ചുരുക്കം എങ്കിലും ഇത്തരം അന്യായങ്ങൾ ഒരു പെൺസുഹൃത്തുക്കൾ അഥവാ തരുണീമരണികൾ തന്നെ ആകാം കാരണഭൂതരാകുന്നത് .എന്നാൽ ഈ ഖണ്ഡിക വായിച്ചു വിടുന്ന സ്ത്രീ സമൂഹം ഉന്നയിക്കുന്ന ചോദ്യം ഇതാകാം .ക്രൂര മർദ്ദനത്തിലിനെയാകുന്ന മൂന്നുമാസം തികയാത്ത കുഞ്ഞും 70 പിന്നിട്ട മുത്തശ്ശിമാരും കലൂർ പള്ളിയിൽ പുണ്യാളനെ കാണാൻ പോയ മിഷേലും ഇത്തരം തരുണീമണികളിൽ പെടുന്നവരാണോ എന്ന്!എന്തിനേറെ പറയുന്നു പ്രായത്തിനോ വസ്ത്രധാരണത്തിനോ ഇക്കാര്യങ്ങളിൽ യാതൊരു സ്വാധീനവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ഇവിടെ വലിച്ചു കീറപ്പെടുന്ന കുഞ്ഞോമനകളും മുത്തശ്ശിമാരും.രക്തബന്ധങ്ങൾ പോലും ഇവിടെ ഇത്തരം അന്യായങ്ങളിൽ നോക്കുകുത്തികൾ ആകുന്നതിന്റെ സൂചകമായാണ് സ്വന്തം പിതാവിൻറെ കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്ന ഗതികെട്ട സ്ത്രീ ജന്മങ്ങൾ. 
          ഇതെല്ലാം പുലമ്പി വിടുമ്പോഴും ഒരൊറ്റ സത്യത്തിൽ അടിയുറപ്പിച്ച് വിശ്വസിക്കാനാണ് ഞാൻ അടക്കമുള്ള സ്ത്രീ ജന്മങ്ങൾ ഇഷ്ടപ്പെടുന്നത്. എന്തെന്നാൽ സ്ത്രീയെ സ്ത്രീയാക്കുന്നത് പുരുഷന്മാർ മാത്രമാണ്. സ്ത്രീത്വം എന്നത് പുരുഷനെ ആശ്രയിക്കുമ്പോഴും വിശ്വസിക്കുമ്പോഴും അനുസരിക്കുമ്പോഴും ബഹുമാനിക്കുമ്പോഴും അനുനയിപ്പിക്കുമ്പോഴും മാത്രം കൈമുതലാകുന്ന ഒന്നാണ്. പകരം പുരുഷ സമൂഹത്തെ ഒന്നാകെ അടച്ചാക്ഷേപിക്കുമ്പോഴും അകറ്റിനിർത്തുമ്പോഴും ലഭിക്കുന്ന വസ്തുവല്ലെന്ന ബോധമെങ്കിലും സ്ത്രീകൾക്ക് ഉണ്ടാവണം. ഒരിക്കലും സ്ത്രീയാണെന്ന നിലയിൽ നാം നേടിയെടുക്കേണ്ടത് പുരുഷ മേധാവിത്വം അല്ല .പകരം സ്ത്രീ സമത്വം ആണെന്ന കാര്യം ഇവിടുത്തെ ഫെമിനിസ്റ്റുകൾ ആയ അച്ചാമ്മമാർ മറക്കരുത്....
       എത്രയെത്ര അനുഭവങ്ങളുടെ കൈപ്പുനീർ ഇറക്കി വിട്ടാലും അവൾ അഥവാ പെണ്ണ് പിന്നെയും പുരുഷന്മാരെ ബഹുമാനിക്കാനും വിശ്വസിക്കാനും തയ്യാറാക്കുന്നു. പക്ഷേ പുരുഷ സമൂഹത്തിനോട് ഈ പെൺസുഹൃത്തുക്കൾ ഒരു മുന്നറിയിപ്പ് നൽകാറുണ്ട് എന്തെന്നാൽ പുരുഷനെ വീണ്ടും വിശ്വസിക്കാനുള്ള സ്ത്രീയുടെ ആ ഒരു തയ്യാറെടുപ്പ് ഉണ്ടല്ലോ. അത് സ്ഥായിയല്ല തന്റെ കഴുകൻ കണ്ണുകൾ സ്ത്രീകൾക്ക് നേരെ നീട്ടുമ്പോൾ പുരുഷൻറെ വീണ്ടും വിശ്വസിക്കാനുള്ള തയ്യാറെടുപ്പുകൾ വേണ്ടെന്നു വയ്ക്കാനുള്ള തീരുമാനങ്ങളിലേക്ക് സ്ത്രീ മനസ്സ് വ്യത്തിചലി. ഒരല്പം മനുഷ്യത്വമെങ്കിലും ചങ്കിൽ ഉണ്ടായിപ്പോയ ആത്മാക്കൾക്ക് ഈ ലോകത്തിൽ ഇങ്ങനെയേ ചിന്തിക്കാനാകൂ. എല്ലാവരെയും സൃഷ്ടിച്ച അയച്ചത് ഒരേയൊരു പ്രപഞ്ച ശക്തിയല്ലേ! എല്ലാവരുടെയും ശരീരത്തിൽ ഓടുന്ന ചോരയുടെ നിറം ചുവപ്പല്ലേ എല്ലാവരിലും ഒരേ ചിരി ഒരേ ഒരേ കുശലാന്വേഷണങ്ങൾ. എങ്ങനെ നല്ലവരെയും കെട്ടവരെയും തിരിച്ചറിയും?
     സ്വാതന്ത്ര്യത്തിനുശേഷം നിരക്ഷരതയിൽ നിന്ന് സാക്ഷരതയിലേക്കുള്ള പടയോട്ടം സ്ത്രീ ശാക്തീകരണത്തിലും ഒരു മുന്നേറ്റം ഉണ്ടാക്കി. ഇല്ലായിരുന്നുവെങ്കിൽ ബാലാമണിയമ്മയും ,സുഗതകുമാരിയും, മാധവിക്കുട്ടിയും, അനിതയും, അക്കമഹാദേവിയും, അമിതമാലിക്കും, തിലോത്തമയും, അഞ്ചു മക്കഥാരും, ഇവിടെ തൂലികകൊണ്ട് മായാലോകങ്ങൾ സൃഷ്ടിക്കില്ലായിരുന്നു .തൻ്റെ പകൽ സ്വപ്നങ്ങളിൽ അകത്തളങ്ങളിലെ കാൽവരവ് മാത്രം സ്വപ്നം കണ്ടിരുന്ന ഇന്ത്യൻ സ്ത്രീ പിന്നീട് ബഹിരാകാശത്ത് കാൽ പതിപ്പിച്ചപ്പോൾ അത് ഇന്ത്യൻ ജനതയ്ക്ക് ഒരു അത്ഭുതമായിരുന്നു. കൽപ്പന ചൗള ബഹിരാകാശം കീഴടക്കാൻ മുതിർന്നപ്പോൾ അത് ഒരു ജനതയുടെ തന്നെ കൽപ്പനകൾക്ക് അതിവിദൂരത്തായിരുന്നു. റൈറ്റ് സഹോദരന്മാർ വിമാനം എന്ന ശകടം രൂപകൽപ്പന ചെയ്യുമ്പോൾ ഓർത്തിരുന്നുവോ മേഘ പടങ്ങൾക്കിടയിലൂടെ ഇത് പറത്തി വിടാൻ വളയിട്ട കൈകൾക്ക് സാധിക്കുമെന്ന്. കേവലം പൊക്കിൾകൊടി ബന്ധത്തിനപ്പുറം ഒരു സ്ത്രീയുടെ മനസ്സിന് ആരുടെയും അമ്മയാകാൻ കഴിയും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഒരു ജനതയുടെ തന്നെ മാതാവായി മാറിയ മദർ തെരേസയെ പോലെയുള്ള പുണ്യ വനിതകളുടെ ജീവിതങ്ങൾ...
      
    റാണി ലക്ഷ്മിഭായിയിലും ഝാൻസി റാണിയിലും തുടങ്ങി ഇന്ദിര ,സോണിയ വഴികളും പിന്നിട്ട് ഇന്ന് പ്രതിഭാപാട്ടീൽ വരെ എത്തിനിൽക്കുമ്പോൾ പെണ്മയുടെ നേതൃത്വവും ഭരണനൈപുണ്യവും വിസ്മരിക്കാൻ വയ്യ. സാനിയ മിർസ, മേരി കോം, പിടി ഉഷ, ശൈനി വിൽസൺ, തുടങ്ങിയവർ പെൺമയുടെ കായിക കരുത്ത് ഈ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടിയപ്പോൾ മാറിമറിഞ്ഞത് അതുവരെ തുടർന്നുപോയ ഇന്ത്യൻ വനിതയുടെ അച്ചടക്ക മനോഭാവമാണ് .അവളെ അഥവാ സ്ത്രീയെ തകർക്കാൻ ഒരു പ്രപഞ്ചശക്തിക്കും ആകില്ല എന്നുറപ്പിച്ച് തികവ് ഉറച്ച കരുത്തുറ്റ അതിജീവനത്തിന്റെ കഥ പറയുന്ന സുനിതാ കൃഷ്ണനും അരുന്ധതി റോയിയും നമുക്ക് പ്രത്യാശ ഗോപുരങ്ങളാണ്..ഭൂമിയുടെ സ്പന്ദനം കണക്കിലാണ് എന്നു പറഞ്ഞ സ്പടികം സിനിമയിലെ ഡയലോഗ് പൊളിച്ചെഴുതുന്ന രീതിയിൽ ഭീമൻ കോർപ്പറേറ്റുകൾ ഇവിടെ അരങ്ങു വാഴുമ്പോൾ ആ രംഗത്തും പെൺമയുടെ ആർജ്ജവം തെളിയിക്കാൻ ഇന്ദിരാ നൂ യിക്കും ശിഖാ ശർ, കൊച്ചാറിനും അരുന്ധതി ഭട്ടാചാര്യന്മാർക്കും സാധിക്കുന്നു. അതി പരിശുദ്ധം അഥവാ അതിപാവനമായ പ്രണയത്തിന് ആണൊരുത്തനെ കഴിയൂ എന്ന് പരോക്ഷമായി പറഞ്ഞു തള്ളുമ്പോഴും തേപ്പ് എന്ന വാക്ക് ഒരു അലങ്കാരമായി അടുത്തകാലത്ത് സ്ത്രീകൾക്ക് ചാർത്തി കൊടുക്കുമ്പോഴും നാം ഓർത്തു വെക്കേണ്ട നാമം കാഞ്ചനമാല എന്ന നായർ യുവതിയുടേതാണ് മൊയ്തീനെ പോലെ സ്നേഹിച്ച കാര്യമല്ല കാഞ്ചനമാല പോലെ കാത്തിരിക്കാൻ ഒരു പെണ്ണ് വേണമെങ്കിൽ ചങ്കിൽ തറച്ച വാക്യങ്ങൾക്ക് കെട്ടുറപ്പ് നൽകുന്നതാണ് അമൂല്യമായ പ്രണയത്തിന്റെയും സഹനത്തിന്റെയും കാത്തിരിപ്പിന്റെയും ജീവിത ഉദാഹരണമായ കാഞ്ചനമാലയെന്ന പെണ്ണ്.
                     ഇത്തിരി നേരം കൊണ്ട് എന്തൊക്കെയോ പറഞ്ഞുവിട്ടു. ചുരുക്കത്തിൽ കവി ഉദ്ദേശിച്ചത് പെൺമ എന്ന സത്യത്തെ മാത്രമാണ് .കഴിഞ്ഞ കുറേ വർഷങ്ങളായി സ്ത്രീ മനസ്സ് നിരന്തരം മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നു. സമൂഹവും സാമൂഹ്യജീവികളും ആ മാറ്റത്തെ സ്വാധീനിച്ചപ്പോൾ സ്ത്രീയുടെ നന്മയിലേക്കും തിന്മയിലേക്കും അത് വഴിതിരിച്ചുവിട്ടു. സ്ത്രീസമത്വം ആണ് ആത്യന്തിക ലക്ഷ്യമെന്ന് നാഴികയ്ക്ക് 40 വട്ടം പുലമ്പുന്ന രാഷ്ട്രീയ കോമരങ്ങളൂള്ള ഈ നാട്ടിൽ അത് സാധ്യമാണോ? അഥവാ ഈ പറഞ്ഞ സമത്വം സാധിക്കുന്നുണ്ടോ? എന്ന ചോദ്യം ഫെമിനിസത്തിന് കുടപിടിക്കാത്തവൾ ആയതുകൊണ്ട് ഞാൻ എറിഞ്ഞു കൊടുക്കുന്നില്ല.. ചോദിക്കാതെ പലതും ചോദിച്ചു കളയും അവൾ.... അതാണ് സ്ത്രീയെ, സ്ത്രീയാക്കുന്നത്.
                  

Comments

Popular posts from this blog

വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്- ഒരു അന്വേഷണം

വായന നൈപുണി വികസിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്- ഒരു അന്വേഷണം